വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടു; പരിഭ്രാന്തരായി ജനം, റവന്യൂ ഉദ്യോഗസ്ഥരെത്തി

  • 09/08/2024

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്ബുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഴക്കം കേട്ട പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി നല്‍കി.

ഇന്ന് രാവിലെ 10.11നാണ് സംഭവം. മുഴക്കം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴക്കം കേട്ട പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂരിക്കാപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഗ്ലാസുകള്‍ താഴെ വീണതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനം സംബന്ധിച്ച്‌ സര്‍ക്കാര്‍ സ്ഥിരീകരണം വന്നിട്ടില്ല. പരിശോധന നടത്താന്‍ സംഭവ സ്ഥലത്തേയ്ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്.

Related News