വ്യാജവാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

  • 12/08/2024

ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും 'ഫാക്‌ട് ചെക്കിങ്ങിന്' കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐസിടി പാഠപുസ്തകങ്ങളുടെ ഭാഗമായി. നേരത്തെ 2022-ല്‍ 'സത്യമേവ ജയതേ' പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.

5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യുപി തലത്തിലെ കുട്ടികള്‍ക്കും 10.24 ലക്ഷം ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്കും രാജ്യത്താദ്യമായി പരിശീലനം നല്‍കിയത്. ഇന്റര്‍നെറ്റ് നിത്യ ജീവിതത്തില്‍, സോഷ്യല്‍ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാര്‍ത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് മേഖലകളിലായാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം കൈറ്റ് കുട്ടികള്‍ക്ക് 'സത്യമേവ ജയതേ'യുടെ ഭാഗമായി നല്‍കിയത്.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്ന സത്യവിരുദ്ധമായ വിവരങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ 'കേസ് സ്റ്റഡികളിലൂടെ' പരിശീലനത്തിന്റെ ഭാഗമാക്കിയിരുന്നു.അടുത്ത വര്‍ഷം 6, 8, 9, 10 ക്ലാസുകളിലെ ഐസിടി പാഠപുസ്തകങ്ങള്‍ മാറുമ്ബോള്‍ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ കൂടി അതിലുള്‍പ്പെടുത്തും.

Related News