ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹരജി തള്ളി

  • 13/08/2024

സിനിമാ മേഖലയിലെ ചൂഷണങ്ങളും പ്രശ്നങ്ങളും പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹരജി ഹൈക്കോടതി തള്ളി. നിർമ്മാതാവ് സജി മോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നതായിരുന്നു ഹരജിക്കാരന്‍റെ വാദം. വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു.

ഹരജിക്കാരന് റിപ്പോർട്ടുമായി ബന്ധമില്ലെന്നും മൊഴി നല്‍കിയവരുടെ സ്വകാര്യതയെ റിപ്പോർട്ട്‌ ബാധിക്കില്ലെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെ വാദം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കക്ഷിചേരാൻ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഡബ്ള്യൂ.സി.സിയെ കക്ഷി ചേര്‍ത്തിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹരജിക്കാരന്‍റെ ആവശ്യം സംശയാസ്പദമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

Related News