വിലക്കയറ്റം നിയന്ത്രിക്കും; വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി അനില്‍

  • 13/08/2024

ഓണത്തിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി, വെളിച്ചെണ്ണ, ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം, പച്ചക്കറികള്‍, കോഴിയിറച്ചി എന്നീ ഉത്പന്നങ്ങള്‍ക്കും ഓഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച്‌ & മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലവാരം പരിശോധിച്ച്‌ സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയ്ക്ക് വരും മാസങ്ങളില്‍ വിലവര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റന്റ്റ് കലക്റ്റര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Related News