കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്, മഴ മാത്രമല്ല ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും; ആഗസ്റ്റ് 19 വരെ ജാഗ്രത

  • 15/08/2024

സംസ്ഥാനത്ത് ആഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കൂടാതെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ 1 .5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് ഇന്നും പതിനേഴാം തീയതിയും അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 15 -19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 15 മുതല്‍ 19 വരെ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളില്‍ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related News