ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എന്ത്?; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

  • 22/08/2024

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. റിപ്പോര്‍ട്ടില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നത് അടക്കം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ വനിതാ കമ്മീഷനെയും കക്ഷി ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിരവധി ചോദ്യങ്ങളുന്നയിച്ചു. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ആരാഞ്ഞു. ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളല്ലേ?. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങളുണ്ടോ? മൊഴി നല്‍കിയവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു.

ഇങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍, കെട്ടിപ്പൂട്ടി വെക്കാതെ തുടര്‍നടപടി സ്വീകരിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുനെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇരകളായ ആര്‍ക്കും പരാതിയുമായി നേരില്‍ വരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത്. ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുള്ള ഇരകളുടെ പേരുവിവരങ്ങള്‍ മറച്ചു പിടിക്കുമ്ബോള്‍ തന്നെ, വേട്ടക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അല്ലെങ്കില്‍ ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതു കൊണ്ട് എന്താണ് ഫലമെന്ന് കോടതി ആരാഞ്ഞു.

Related News