ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

  • 23/08/2024

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ - സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിയമ വ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല സമൂഹത്തിന് എതിരായ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നത് നിയമ വ്യവസ്ഥയുടെ ആവശ്യകതയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ 'സീറോ ടോളറന്‍സ്' സമീപനമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടത്. പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ചിട്ടും അതിന്‍ മേല്‍ അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് തന്നെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

Related News