മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തുമ്ബോള്‍ ഗീതു മോഹൻദാസിൻ്റെ ഓര്‍മ്മപ്പെടുത്തല്‍! 'എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം'

  • 24/08/2024

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആഞ്ഞടിക്കുന്ന ആരോപണ കൊടുങ്കാറ്റിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് രംഗത്ത്. ഇന്ന് മലയാള സിനിമയില്‍ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകള്‍ക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാള്‍ പോരാട്ടമാണെന്നാണ് ഗീതി മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തിയത്. 'നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്' എന്നാണ് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്.

കൊച്ചിയില്‍ രാത്രി കാറില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓർമ്മപ്പെടുത്തലാണ് ഗീതു നടത്തിയത്. 2019 ല്‍ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോ‍ർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ കോളിളക്കമാണ് സംഭവിക്കുന്നത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖുമടക്കമുള്ളവർക്കെതിരെ ഈ ദിവസങ്ങളില്‍ ആരോപണത്തിന്‍റെ കുന്തമുന നീണ്ടുകഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടയിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മിപ്പിച്ച്‌ ഗീതു മോഹൻദാസ് രംഗത്തെത്തിയത്.

Related News