സിനിമ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്, നവംബറില്‍ കൊച്ചിയില്‍ നടക്കും; വിദേശത്തുനിന്നടക്കം പ്രമുഖരെത്തും

  • 25/08/2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെയുണ്ടായ ലൈംഗിക ആരോപണങ്ങള്‍ക്കും ഇടയിലും സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.

സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം, നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്തെന്ന ചോദ്യത്തിനാണ് കോണ്‍ക്ലേവ് എന്ന മറുപടി സര്‍ക്കാര്‍ നല്‍കുന്നത്.

അതേസമയം, കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവ് എന്ന് ഡബ്ലിയുസിസിയുടെ പരിഹാസവും ഉണ്ട്. പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അഭിനേതാക്കളുടെ സംഘടനയും. എന്നാല്‍, ഭാവി സിനിമാ നയത്തിന് കോണ്‍ക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താനാണ് ആലോചന.

Related News