പാര്‍ട്ടിയെ വെട്ടിലാക്കി മുകേഷിനെതിരായ മീ ടൂ; രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്ന്

  • 25/08/2024

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആരോപണ വിധേയനായ കൊല്ലം എം.എല്‍.എ എം. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ഇന്ന് നടക്കും. മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പോളയതോട് നിന്നും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും മുകേഷിന്‍റെ വീട്ടിലേക്ക് മാർച്ച്‌ നടത്തും. 

അതേസമയം സർക്കാർ രൂപീകരിച്ച അന്വേഷണസംഘത്തിന് മുന്നില്‍ അതിജീവിത മുകേഷിനെതിരെ മൊഴി നല്‍കിയാല്‍ കേസെടുക്കേണ്ടി വരും. നിയമ നടപടികളില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിർദേശം. റിപ്പോർട്ടിനു മുൻപും ശേഷവും എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. മലയാള സിനിമയിലെ രണ്ട് അതികയന്മാർ ഇതിനോടകം തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ആരോപണം ഉയർന്നത് കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ.ഒരു സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട പരിപാടിയില്‍ വച്ച്‌ മുകേഷ് മോശമായി ഇടപെട്ടു എന്നാണ് യുവതി ആരോപണം ഉന്നയിച്ചിരുന്നത് .

സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ മുകേഷിനെതിരെ ആരോപണമുന്നയിച്ച സ്ത്രീ പരാതി നല്‍കിയാല്‍ സർക്കാർ വെട്ടിലാകും. ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് മുകേഷിന്‍റെ വിശദീകരണം.

Related News