കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് മന്ത്രിസ്ഥാനത്തേക്ക്

  • 28/08/2024

 


എൻ.സി.പി.യിലെ വെടിനിർത്തലിന്റെ ഭാഗമായി എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ സാധ്യത. കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസിനു വേണ്ടിയാകുമിത്. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചന. എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും അടുത്തദിവസം ശരദ്പവാറിനെ കാണും. പവാർ സമ്മതിച്ചാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും.

എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതിനിടെ, കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്ന് ചാക്കോ പറഞ്ഞതോടെ തോമസ് കെ. തോമസ് കലാപക്കൊടിയുയർത്തി. തുടർന്ന്, അദ്ദേഹത്തിന്റെ അനുകൂലിയായ എൻ. സന്തോഷ് കുമാറിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു ചാക്കോ മാറ്റുകയുംചെയ്തു.

മാത്രമല്ല, പുതുതായി പാർട്ടിയിലെത്തിയ പ്രവാസിവ്യവസായി റെജി ചെറിയാൻ, കുട്ടനാട് മണ്ഡലത്തിൽ നോട്ടമിട്ടപ്പോൾ പി.സി. ചാക്കോ പിന്തുണ നൽകി. അടുത്ത തവണ സീറ്റു കിട്ടില്ലെന്ന സാഹചര്യമുയർന്നതോടെ തോമസ് കെ. തോമസ് അതൃപ്തി പരസ്യമാക്കി. എന്നാലിപ്പോൾ റെജി ചെറിയാൻ എൻ.സി.പി. വിട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേരുകയാണ്. ഇതോടെ ചാക്കോയും ആലപ്പുഴ ജില്ലാ ഘടകവുമായി തോമസ് കെ. തോമസ് രമ്യതയിലെത്തി.

എൻ.സി.പി.യിലെ അജിത് പവാർ വിഭാഗം ബി.ജെ.പി.യിലേക്കു മാറിയത് കേരളത്തിലെ എൻ.സി.പി.യിലും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തോമസ് കെ. തോമസ്, അജിത് പവാറിനൊപ്പം നിലകൊണ്ടെങ്കിലും എൽ.ഡി.എഫ്. വിടാൻ താത്പര്യപ്പെട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ വഴക്കുമായി മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രിമാറ്റത്തിന് പി.സി. ചാക്കോ തീരുമാനിച്ചതെന്നു പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് കെ. തോമസിനുള്ള അടുപ്പവും സി.പി.എമ്മിന്റെ പിന്തുണയും ഇതിനു സഹായമായെന്നും പറയുന്നു.

Related News