അമിത നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ജലവൈദ്യുത പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുത്തണം: മന്ത്രി കൃഷ്ണൻകുട്ടി

  • 03/09/2024

അമിത നിരക്കില്‍ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറുകിട വൈദ്യുതി പദ്ധതികള്‍ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു. സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജലവൈദ്യുത പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആകെ സംഭരിക്കുന്നത് 3000 ടിഎംസി വെളളം. ഇതില്‍ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും കൂടി ഉപയോഗിക്കുന്നതാകട്ടെ, 300 ടിഎംസി മാത്രവും. ഈ വസ്തുത നിലനില്‍ക്കെയാണ് ജലവൈദ്യുത പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന മന്ത്രിയുടെ അഭിപ്രായം. ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ വേണ്ടത് 15 പൈസ. പുറമേ നിന്ന് അധിക വൈദ്യുതിക്ക് നല്‍കേണ്ടത് ചുരുങ്ങിയത് 55 പൈസയും. അനാവശ്യ വിവാദങ്ങള്‍ വഴി ജലവൈദ്യുത പദ്ധതികള്‍ മുടക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി, ഇടുക്കിയിലെ ഡാമുകള്‍ സന്ദർശിച്ചു. വൈദ്യുതോത്പാദനം വർദ്ധിപ്പിക്കാനുളള പുതിയ മാർഗ്ഗങ്ങളുള്‍പ്പെടെ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ മൂലമറ്റത്ത് യോഗം ചേരുന്നുണ്ട്.

Related News