കുടുംബാംഗങ്ങളെത്തി ജെൻസണെ കണ്ടു; അവസാന നോക്ക് കാണാൻ വയനാട്ടുകാര്‍, പൊതുദര്‍ശനം തുടങ്ങി

  • 12/09/2024

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ കഴിഞ്ഞു. സഹോദരൻ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച്‌ ജെൻസനെ കണ്ടു. ശേഷം അമ്ബലവയല്‍ ആണ്ടൂരിലേക്ക് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയി. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെൻസണ്‍ മരിക്കുന്നതും.

ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്ബർ കൂടിയായിരുന്നു അമ്മ സബിത.

Related News