ഇരുകാലിനും സര്‍ജറി കഴിഞ്ഞു; ശ്രുതി ആശുപത്രിയില്‍ തുടരുന്നു, അപകടത്തില്‍ പരിക്കേറ്റ എട്ടുപേരും ചികിത്സയില്‍

  • 12/09/2024

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും അപകടത്തില്‍ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയില്‍ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ ശ്രുതിയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.

നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളാരംകുന്നില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ജെൻസണ്‍ ഓടിച്ചിരുന്ന വാൻ ബസ്സുമായി കൂട്ടിയിടിച്ചത്. 

അതേസമയം, വാഹനപകടത്തില്‍ അന്തരിച്ച ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്‍റെ ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. എങ്ങും അത്രമേല്‍ സങ്കടമായിരുന്നു അണപൊട്ടിയൊഴുകിയത്. മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നല്‍കിയാണ് യാത്രയാക്കിയത്. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്കാരം നടന്നത്.

Related News