മൈനാഗപ്പള്ളി കൊലപാതകത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നല്‍കും

  • 16/09/2024

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നല്‍കും. ശാസ്താംകോട്ട പൊലീസ് ഇന്നോ നാളെയോ അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അപകടസ്ഥലത്തടക്കം എത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കും. പ്രതിക്ക് ഒളിവില്‍ കഴിയാൻ മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കും.

പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വാഹനമിടിച്ചു തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ മനഃപൂർവം കാർ പോവുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അജ്മല്‍ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.

വാഹനം നിർത്താതെ ഓടിച്ചുപോവാൻ അജ്മലിനോട് പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കൂടാതെ, ഡോക്ടറായിട്ടും അപകടത്തില്‍പെട്ടയാളെ രക്ഷിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാനോ ശ്രമിക്കാതെ കർത്തവ്യം മറന്ന് മരണത്തിലേക്ക് തള്ളിയിട്ടുവെന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Related News