വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികള്‍. കണക്കുകള്‍ തയ്യാറാക്കിയതില്‍ വീഴ്ച പറ്റിയെന്നും യഥാർത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്‍റെ തെളിവാണ് പുറത്തുവന്നതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. വിവാദത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മന്ത്രിമാരുടെ പ്രതികരണം.
ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും പിന്നാലെ സത്യവാങ്മൂലത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നല്‍കുകയും ചെയ്ത മെമ്മോറാണ്ടത്തില്‍ ഇനം തിരിച്ച് അവതരിപ്പിച്ച ചെലവ് കണക്കുകളാണ് അമ്ബരപ്പിക്കുന്ന കണക്കുകളായി പുറത്തുവന്നത്. സൈന്യത്തിന്‍റെയും സന്നദ്ധ പ്രവർത്തകരുടെയും താമസത്തിന് 15 കോടി, ഭക്ഷണത്തിന് 10 കോടി തുടങ്ങി ടോർച്ചും കുടകളും റെയിൻ കോട്ടും വാങ്ങാൻ പോലും കോടികള്‍ ചെലവ് കാണിച്ചുള്ള കണക്കുകള്‍ വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
മെമ്മോറാണ്ടത്തില്‍ ഉള്ളത് ചെലവ് കണക്കുകള്‍ അല്ലെന്നും ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ ആവശ്യങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയായിപ്പോയെന്നുമാണ് പ്രതിപക്ഷ വിമർശനം. മെമ്മോറാണ്ടത്തില്‍ ആക്ച്വല്‍സ് എന്ന രീതിയില്‍ അവതരിപ്പിച്ചത് എസ് ഡി ആർ എഫ് മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത ചെലവ് ഇനങ്ങളെയാണെന്നും അതില്‍ പരമാവധി തുക ആവശ്യപ്പെടാനാണ് ശ്രമിച്ചതെന്നും സർക്കാർ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ സർക്കാർ യഥാർത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?