തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവുകള്‍ നല്‍കി കേന്ദ്രം; സംസ്ഥാനത്തെ 66 പഞ്ചായത്തുകള്‍ക്ക് ആശ്വാസം

  • 23/09/2024

തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആർഇസെഡ് 3 എക്ക് കീഴില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിർദ്ദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്. സി.ആർ.ഇസഡ് 2 ല്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണ്. അമ്ബലപ്പുഴ വടക്ക്, അമ്ബലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉള്ളതിനാല്‍ സി.ആർ.ഇസഡ് 3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സി.ആർ.ഇസഡ് 2 ല്‍ പെടുന്ന മേഖലയില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിലനില്‍ക്കുന്ന FAR / FSI ലഭ്യമാകും. 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങള്‍ കൂടെ പരിഗണിച്ച്‌ സി.ആർ ഇസഡ് 2 എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി.ആർഇസഡ് 3 ബി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 

Related News