സിദ്ദിഖ് ഒളിവില്‍?; വ്യാപക തിരച്ചിലുമായി പൊലീസ്

  • 24/09/2024

പീഡനപരാതിയില്‍ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ താരത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. കൊച്ചിയിലേയും കുട്ടമശ്ശേരിയിലെയും വീട്ടില്‍ സിദ്ദിഖ് ഇല്ല.

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിൻ്റെ അന്വേഷണം. കൊച്ചി സിറ്റി പൊലീസിൻ്റെ ഒരു സംഘം കൊച്ചിയിലും റൂറല്‍ പൊലീസ് റൂറല്‍ മേഖലകളിലുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നെടുമ്ബാശ്ശേരിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. സിദ്ദിഖ് ഇവിടെയുള്ള രണ്ട് ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം, സിദ്ദിഖിനെതിരായ കേസന്വേഷിക്കുന്ന സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പുറപ്പെട്ടത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. സിദ്ദിഖ് കൊച്ചിയില്‍ത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് നീക്കം.

Related News