ഭരണകക്ഷി എം.എല്‍.എ പി.വി അൻവറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്.
അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങള്‍ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പി.എം.എ സലാം പറഞ്ഞു.സ്വർണ്ണക്കടത്ത് മുതല്‍ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്.
അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന, കേസുകള്‍ പെരുക്കി മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസിന്‍റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നല്‍കുകയും പ്രക്ഷോഭങ്ങള്‍ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളില്‍ ഒരാള്‍ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അല്‍പമെങ്കിലും നാണവും മാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. - പി.എം.എ സലാം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?