കള്ളപ്പണം വെളുപ്പിക്കൽ; പ്രതികള്‍ പിടിയില്‍

  • 14/07/2020

കുവൈത്ത് സിറ്റി: രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തൊട്ടാകെ നടന്ന ഓപ്പറേഷനിൽ കോടിക്കണക്കിന് വിലപിടിപ്പുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആഡംഭര കാറുകളും മോട്ടോര്‍ ബൈക്കുകളും വിലകൂടിയ വാച്ചുകളും ആഭരണങ്ങളും വിവിധ കറൻസി നോട്ടുകളും മദ്യ കുപ്പികളും അന്വേഷണ സംഘം കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി കര്‍ശനമായ നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ക്രിമിനൽ സംഘത്തെ കുറിച്ചുള്ള വിവരങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. സംഘത്തിന്‍റെ തലവനെന്ന് കരുതുന്ന പ്രധാന പ്രതിയുടെ ഒളിത്താവളത്തിലും റെയ്ഡുകള്‍ നടത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അഹമദിയിലെ താമസ സ്ഥലത്തും വഫ്രയിലെ ഒരു ഫാം ഹൌസിലും കുവൈത്ത് സിറ്റിയിലും ഹവല്ലിയിലുമുള്ള രണ്ട് അപ്പാർട്ട്മെന്റുകളിലുമാണ് തിരിച്ചില്‍ നടത്തിയത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും എല്ലാവരേയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Related News