പിആര്‍ ഏജൻസിയുമായുള്ള ബന്ധം മുക്കി ദേശാഭിമാനി; ദി ഹിന്ദുവിൻ്റെ ഖേദപ്രകടനം മാത്രം വാര്‍ത്ത, വിമര്‍ശനം

  • 01/10/2024

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തില്‍ പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ പാർട്ടി മുഖപത്രമായ ദേശാഭിമാനി. അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്. എന്നാല്‍ ഹിന്ദു വിശദീകരണത്തിലെ പി ആർ ഏജൻസി ബന്ധം ഒഴിവാക്കിയായിരുന്നു വാർത്ത. വിവാദ പരാമർശം പിആർ ഏജൻസി നല്‍കിയതാണെന്നും അത് അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുകയായിരുന്നെന്ന് ഹിന്ദു വിശദീകരണം നല്‍കിയിരുന്നു. 

അതേസമയം, ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തില്‍ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തുടരുകയാണ്. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖം മിനുക്കാൻ അഭിമുഖം നല്‍കിയ ദി ഹിന്ദു നല്‍കിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്.

ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സണ്‍ എന്ന പിആർ ഏജൻസി, അഭിമുഖത്തില്‍ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നല്‍കിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയില്‍ ഇത്ര സ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം. 

Related News