47 പേര്‍ ഇനിയും കാണാമറയത്ത്; വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് ആവശ്യം

  • 01/10/2024

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍. ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍ നിര്‍ത്തിയതാണ് വിമർശനത്തിന് കാരണം. തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം തുടങ്ങാനാണ് നീക്കം.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് രണ്ട് മാസം പൂര്‍ത്തിയാകുമ്ബോള്‍ ഇനിയും 47 പേരെയാണ് കണ്ടെത്താനുള്ളത്. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച്‌ തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങളും കണ്ടെത്തി.

എന്നാല്‍ ഈ തെരച്ചില്‍ ആഴ്ചകളായി നിന്ന സാഹചര്യത്തിലാണ് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ വിമർശനം കടുപ്പിക്കുന്നത്. മൃതദേഹ ഭാഗമെങ്കിലും കിട്ടിയാല്‍ ബന്ധുക്കള്‍ക്ക് അത് നല്‍കുന്ന ആശ്വാസം സർക്കാർ കണക്കിലെടുക്കണമെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. നിയമസഭ ചേരുമ്ബോള്‍ വിഷയം ഉന്നയിക്കുമെന്നും സ‍ർക്കാർ തെരച്ചില്‍ തുടർന്നില്ലെങ്കില്‍ സമരം ആരംഭിക്കാൻ മടിയില്ലെന്നും ലീഗ് ജില്ലാ നേതൃത്വം പറ‍ഞ്ഞു.

Related News