പരാതിക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോയിക്കൂടേ?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി

  • 04/10/2024

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച്‌ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുമ്ബാകെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച്‌ ചില വ്യക്തികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇവര്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതേസമയം പരാതികളില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍, പരാതിക്കാര്‍ക്ക് ഇനി കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെങ്കിലും എസ്‌ഐടി മുഖേന അന്വേഷണം തുടരാന്‍ കഴിയുമോ എന്നതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയവരുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ സ്വകാര്യതയെ നമ്മള്‍ മാനിക്കണം. അതേ സമയം സര്‍ക്കാര്‍ വിഷയം പരിശോധിക്കണം. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ മതിയായ കാര്യങ്ങളും തെളിവുകളും ഉണ്ടെങ്കില്‍, പരാതിക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് ഇതിന്മേല്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ലേയെന്ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ആരാഞ്ഞു.

Related News