'ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല, മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു'; മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചതായി പരാതി

  • 05/10/2024

മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ പൊലീസ് മർദിച്ചതായി പരാതി. എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതില്‍ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയല്‍ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച്‌ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പൊലീസ് ബസില്‍ വലിച്ചിഴച്ചു കയറ്റി.

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.പി റജിലിനെയും മർദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശാഭിമാനി ലേഖകനെ ഉള്‍പ്പെടെ ആക്രമിച്ച പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം മട്ടന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെയാണ് ദേശാഭിമാനി ലേഖകൻ ശരത്ത് പു തുക്കുടിയെ ഒരുസംഘം പൊലീസുകാർ മർദിച്ചത്. സന്ദീപ്, ഷാജി, വിപിൻ, അശ്വൻ ആമ്ബിലാട് തുടങ്ങിയ പൊലീസുകാരാണ് സംസ്ഥാന പൊലീസിൻ്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചത്. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ഏരിയാ സെക്രട്ടറി എം. രതീഷ് ആവശ്യപ്പെട്ടു.

കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്ന് ശരത്ത് പുതുക്കുടി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സസ്പെന്‍ഡ് ചെയ്താല്‍ തനിക്ക് പുല്ലാണെന്ന് പറഞ്ഞതായും ശരത്ത് പോസ്റ്റില്‍ വ്യക്തമാക്കി.

Related News