'ആഭ്യന്തര വകുപ്പ് വിഷയങ്ങളില്‍ സ്വതന്ത്ര നിലപാടെടുക്കും'; എഡിജിപി മാറ്റത്തില്‍ നിര്‍ണായകമായത് സിപിഐയുടെ കത്ത്

  • 06/10/2024

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകമായത് സിപിഐയുടെ കത്തെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ സിപിഐ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തു നല്‍കി. ഇതേത്തുടര്‍ന്ന് അപകടം മണത്ത എം വി ഗോവിന്ദന്‍ ഉടന്‍ മുഖ്യമന്ത്രിയെ വിവരം അറിയിച്ചു. 

അജിത് കുമാറിനെതിരെ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനും എം വി ഗോവിന്ദന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റില്‍ എത്തി എഡിജിപിയെ മാറ്റാനുള്ള ഉത്തരവില്‍ ഒപ്പുവെക്കുകയായിരുന്നു. വൈകീട്ടു വരെ എഡിജിപിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെല്ലെപ്പോക്കു തുടര്‍ന്നതോടെയാണ് സിപിഐ സംസ്ഥാന നേതൃത്വം നിലപാടു കടുപ്പിച്ചത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും അജിത് കുമാറിനെ നീക്കിയെങ്കിലും, അദ്ദേഹം വഹിച്ച ബറ്റാലിയന്‍ ചുമതല തുടരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ നിയമിച്ചതായും മുഖ്യമന്ത്രി ഉ്തതരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന് സിപിഐ സര്‍ക്കാരിനെ നിലപാട് അറിയിച്ചിരുന്നു. അജിത് കുമാറിനെ മാറ്റിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് ബിനോയ് വിശ്വം ഇന്നലെ പ്രതികരിച്ചിരുന്നു.

Related News