ലഹരിക്കേസ്: സിനിമാ താരങ്ങളെ ഉടൻ ചോദ്യം ചെയ്യും, ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടികളെക്കുറിച്ചും അന്വേഷണം

  • 07/10/2024

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടൻ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. ഓം പ്രകാശിന്റെ ലഹരി പാർട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. 

പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദർശൻ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.

ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.

Related News