സ്പീക്കറുടെ മുഖംമറച്ച്‌ ബാനര്‍ പിടിച്ചു; പ്രതിപക്ഷത്തിന്റേത് ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടി : ടി പി രാമകൃഷ്ണൻ

  • 07/10/2024

നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടിയെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ഡയസ്‌ കൈയേറി, സ്‌പീക്കറുടെ മുഖംമറച്ച്‌ ബാനർ പിടിച്ചു. കുറ്റകരമായ ഈ നടപടിക്ക്‌ നേതൃത്വം നല്‍കിയത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌. സഭാസമ്മേളനം അലങ്കോലമാക്കലായിരുന്നു പ്രതിപക്ഷ ലക്ഷ്യമെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു. 

ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് പ്രതിപക്ഷം പെരുമാറിയത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് പ്രതിപക്ഷ നേതാവാണ്. സ്‌പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷ നേതാവിന്‌. തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നാണ് വി ഡി സതീശന്റെ വാദം. തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത് ഇതേ നിലപാടാണ്.മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിച്ച്‌ ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എല്‍ഡിഎഫ് കണ്‍വീനർ പറഞ്ഞു.

പ്രതിപക്ഷം ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കർക്കെതിരെ ബോധപൂർമായ കയ്യേറ്റ ശ്രമവുമുണ്ടായി. വാച്ച്‌ ആന്‍ഡ് വാര്‍ഡ് തടഞ്ഞില്ലായിരുന്നെങ്കില്‍ സ്പീക്കറേ കൈയേറ്റം ചെയ്‌തേനെ. നിയമസഭയില്‍ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. 2011ല്‍ അന്നത്തെ സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ റൂളിങ് ലംഘിച്ചെന്ന പേരില്‍ സിപിഎം എംഎല്‍എമാരായ ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Related News