മുഖ്യമന്ത്രിയുടെ വിദേശയാത്ര ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാൻ; വേണ്ടിവന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് അൻവര്‍

  • 08/10/2024

ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിലേക്ക്. മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും വിമര്‍ശനം ഉന്നയിച്ച്‌ കൊണ്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാൻ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

പ്രത്യേക ബ്ലോക്ക് അനുവദിച്ച്‌ സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പൊലീസ് അന്വേണത്തില്‍ വിശ്വാസമില്ലെന്ന് ഗവർണറെ അറിയിച്ചു. സ്വർണ്ണം പൊട്ടിക്കല്‍ എല്ലാ വിവരങ്ങളും പൊലീസിന്റെ കയ്യിലുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ല. സ്വർണ്ണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അന്‍വര്‍ വിമര്‍ശിക്കുന്നു.

ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് അറിയിക്കാനാണ് ഗവർണറെ കണ്ടത്. കോടതി ഗവർണറുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും. ഗവർണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിഎം ഗവർണറെ കാണാതിരുന്നത്.

Related News