വയനാട്ടില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോ? സംശയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

  • 11/10/2024

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോയെന്ന സംശയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ ശേഷം മാത്രം സ്ഥാനാർത്ഥി നിര്‍ണയം അന്തിമമാക്കാമെന്ന തീരുമാനത്തിലാണ് സിപിഐ. എന്നാല്‍ മുന്നൊരുക്കത്തിന് ഒരു കുറവും വരുത്തേണ്ടെന്നും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. തെര‍ഞ്ഞെടുപ്പ് വൈകിയാല്‍ പ്രിയങ്കഗാന്ധി ലോക്സഭയില്‍ എത്തുന്നത് വൈകുമെന്നതാകും കോണ്‍ഗ്രസിന്‍റെ ആശങ്ക.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് ഇനിയും കരകയറാത്ത വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമോയെന്ന സംശയത്തിലാണ് പല പാര്‍ട്ടികളും. ഉപതെര‍ഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ വേണമെന്നത് അനുസരിച്ചാണെങ്കില്‍ മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ വയനാട്ടിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്.

എന്നാല്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മെല്ലെ മതിയെന്ന നിലപാട് കമ്മീഷൻ സ്വീകരിക്കുമോയെന്നാണ് പാർട്ടികളുടെ ചിന്ത. ഇപ്പോള്‍ പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ജില്ല ഭരണകൂടത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഒന്നര മാസത്തോളം പൂര്‍‌ണമായും അതില്‍ മാത്രം ശ്രദ്ധ ചെലുത്തേണ്ടി വരും. ഇത് ദുരിതബാധിതർക്ക് പ്രതിസന്ധിയാകും. 

Related News