അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയില്‍ ഇരുട്ടില്‍ ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടില്ല; മരത്തിലടിച്ച്‌ കൊലപ്പെടുത്തി

  • 16/12/2024

മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം. കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍തണ്ണി എല്‍ദോസ് വർഗീസ് ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്ബൻകുഴിയില്‍ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്. 

എല്‍ദോസിനെ ആന മരത്തില്‍ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടിരുന്നില്ല. കോതമംഗലത്ത് അരങ്ങേറിയ ജനകീയ പ്രതിഷേധം പുലർച്ചെ രണ്ടുമണിയ്ക്കാണ് അവസാനിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ഉറപ്പ് നല്‍കുകയായിരുന്നു ജില്ലാ കളക്ടർ. പ്രതിഷേധം തുടങ്ങി ഏഴ് മണിക്കൂർ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാർക്ക് ജില്ലാ കളക്ടർ ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു.

Related News