അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നല്‍കണമെന്ന പെണ്‍മക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയില്‍ വിധി പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. പെണ്‍മക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.
അതേസമയം, ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മകള്‍ ആശ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറൻസ് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികള്‍ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകള്‍ സുജയോട് സെമിത്തേരിയില്‍ അടക്കാനാണ് താല്‍പ്പര്യമെന്ന് പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാക്കിയ സാക്ഷികള്‍ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവർ കള്ളസാക്ഷികളാണ്. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്തകത്തിലും മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും മൂത്തമകളോട് സെമിത്തേരിയില്‍ അടക്കണമെന്ന് പറഞ്ഞിരുന്നതായും മകള്‍ പറഞ്ഞു.
നേരത്തെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മകന്‍ എംഎല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയില്‍ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് പെണ്‍മക്കളുടെ അപ്പീലിലെ ആവശ്യം. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?