ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി, കേരളത്തില്‍ അടുത്ത 5 ദിവസം മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ്!

  • 19/12/2024

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതല്‍ ശക്തമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ തമിഴ്‌നാട് - തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യത.

തുടർന്ന് വടക്കുദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകപ്പ് വ്യക്തമാക്കി. അതേസമയം കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍, ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം തുടങ്ങിയ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

ഇന്ന് തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കൻ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കൻ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related News