കുട്ടിക്ക് അനക്കമില്ലെന്ന് പിതാവ്, തണുത്ത് വിറങ്ങലിച്ച ശരീരം കണ്ട് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു; കൊലപാതകം സ്ഥിരീകരിച്ചത് പോസ്റ്റ്മോര്‍ട്ടത്തില്‍

  • 20/12/2024

ഇന്നലെ രാവിലെ ആറരയോടെയാണ് ആറുവയസ്സുകാരിയായ മകളുമായി നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻ അയല്‍വാസികളുടെ അടുത്തെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അദ്ദേഹം പരിഭ്രാന്തനായി അയല്‍വാസികളെ അറിയിച്ചു. രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകള്‍ രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തണുത്ത് വിറങ്ങലിച്ച ശരീരം കണ്ട് നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തതോടെ തെളിഞ്ഞത് രണ്ടാനമ്മയുടെ കൊടുംക്രൂരത. 

പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും മൃതദേഹം പരിശോധിച്ചപ്പോള്‍ കൊലപാതകമാണെന്ന് സംശയം ഉയരുകയായിരുന്നു. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത ശേഷം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സംഭവത്തില്‍ രണ്ടാനമ്മ അനീഷയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലപാതകം നടത്തിയതാണെന്ന സംശയമുണ്ടായിരുന്നുവെങ്കിലും പൊലീസ് പിന്നീട് അത് തള്ളിക്കളഞ്ഞു. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു കൊലപാതകമെന്നാണ് അനീസ പൊലീസിന് മൊഴി നല്‍കിയത്. ഇന്നലെ രാത്രി അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴായിരുന്നു ക്രൂരകൃത്യം. 

30 വർഷം മുമ്ബ് ഫർണിച്ചർ ജോലിക്ക് നെല്ലിക്കുഴിയിലെത്തിയതാണ് അജാസ് ഖാന്‍റെ കുടുംബം. ഏഴുവർഷമായി പുതുപ്പാലത്ത് വീടുവെച്ച്‌ താമസിക്കുകയാണ്. അജാസ് ഖാന്‍റെ ആദ്യ ഭാര്യയിലുള്ള മകളാണ് മുസ്കൻ. രണ്ടുവർഷം മുമ്ബ് ഭാര്യ ഉപേക്ഷിച്ച്‌ പോയതോടെ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയ അജാസ് ഖാൻ, അഞ്ചുമാസം മുമ്ബാണ് മകളോടൊപ്പം അനീഷയും കുട്ടിയുമായി തിരികെയെത്തിയത്. ഇപ്പോഴത്തെ ഭാര്യ അനീഷയുടെ രണ്ട് വയസ്സുള്ള കുട്ടിയോടൊപ്പമാണ് മുസ്കൻ ഉറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു.

Related News