'വെള്ളാപ്പള്ളി നടേശൻ പറഞ്ഞതില്‍ തെറ്റില്ല'; രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്‍റ്

  • 22/12/2024

അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത് സിപിഎം - ബിജെപി ഡീലിന്‍റെ ഭാഗമായാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ പല ഘട്ടത്തിലും രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണിത്. 

ജനങ്ങളുടെ വഴി തടയുന്നതിനെ ന്യായീകരിക്കുകയും സാധാരണക്കാര്‍ കാറില്‍ സഞ്ചരിക്കുന്നതിനെ അധിക്ഷേപിക്കുകയും ചെയ്ത സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയത്തെ കുറിച്ചു നടത്തിയ ജല്‍പ്പനങ്ങള്‍ അറിവില്ലായ്മ കൊണ്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുലും പ്രിയങ്കയും ജയിച്ചത് മതേതര ജനാധിപത്യ വിശ്വാസികളുടെ വോട്ടുകള്‍ കൊണ്ടാണ്, അല്ലാതെ ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കൊണ്ടല്ല. 

മുസ്ലീം വിരോധം പ്രതിഫലിക്കുന്ന സംഘപരിവാര്‍ അജണ്ടയാണ് എ വിജയരാഘവന്റെ വാക്കുകളില്‍ പ്രകടമായത്. തീവ്ര വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ട സിപിഎം കേരളത്തില്‍ അര്‍എസ്‌എസിന് വിടുവേലയെടുക്കുകയാണ്.അതിനാലാണ് മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും ഭീഷണിയുയര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Related News