തൃശൂര്‍ മേയറുമായും ആര്‍ച്ച്‌ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ; സ്നേഹ സന്ദര്‍ശനമെന്ന് പ്രതികരണം

  • 25/12/2024

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ നാലു വർഷമായുള്ള പതിവാണ്. ക്രിസ്മസ് പരസ്പരം മനസിലാക്കലിന്‍റെയും സമാധാനത്തിന്‍റെയും ആഘോഷമാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, ക്രിസ്തുമസ് ദിവസം തന്‍റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിന്‍റെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ വന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ വിവാദങ്ങളില്‍ ഏർപ്പെട്ടയാളാണ് മേയർ. വാക്കുകളില്‍ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയർ നല്‍കിയ മറുപടി.

മേയറുമായുള്ള കൂടിക്കാഴ്ക്കുശേഷം ബിജെപിയുടെ ക്രിസ്മസ് സ്നേഹയാത്രയുടെ ഭാഗമായി തൃശൂർ ബിഷപ്പ് ഹൗസിലെത്തി ആർച്ച്‌ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേനദ്രൻ സന്ദര്‍ശിച്ചു. ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. സ്നേഹയാത്രയുടെ ഭാഗമായിട്ടാണ് സന്ദർശനം എന്നും പ്രധാനമന്ത്രിയുടെ സന്ദേശം പിതാവിന് കൈമാറി എന്നും സുരേന്ദ്രൻ പ്രതികരിച്ചു. പരസ്‌പര ഐക്യം ഊട്ടി ഉറപ്പിക്കുകയാണ് സ്നേഹ യാത്രയുടെ ലക്ഷ്യമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related News