യുവമോര്‍ച്ച നേതാവ്, 400 ലേറെ ബാങ്ക് അക്കൗണ്ടുകള്‍; ലിങ്കണ്‍ ബിശ്വാസിന്‍റെ കൊടുചതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 25/12/2024

സൈബര്‍ തട്ടിപ്പ് കേസുകളിലെ മാസ്റ്റര്‍ ബ്രെയിൻ ലിങ്കണ്‍ ബിശ്വാസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്‍ക്കത്തയിലെത്തി കൊച്ചി സൈബര്‍ പൊലീസ് ലിങ്കണിനെ അറസ്റ്റ് ചെയ്തിരുന്നു. ലിങ്കണ്‍ ബിശ്വാസ് രാജ്യവ്യാപകമായി പണം തട്ടാൻ ഉപയോഗിച്ചത് നാനൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകള്‍ക്ക് രാജ്യത്ത് നേതൃത്വം നല്‍കുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ യുവമോർച്ച നേതാവായിട്ടുള്ള ഇയാള്‍ തട്ടിപ്പ് പണം എങ്ങനെ ചെലവഴിച്ചു എന്നതിലും അന്വേഷണം തുടരുകയാണ്.

കൊച്ചി വാഴക്കാല സ്വദേശിയായ റിട്ട. കോളജ് അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. സൈബർ തട്ടിപ്പിന്‍റെ ചുരുളഴിച്ച കൊച്ചി പൊലീസ് എത്തിയത് കൊടുവള്ളി വഴി പശ്ചിമ ബംഗാളിലെ കൃഷ്ണഗഞ്ചിലാണ്. മുഖ്യപ്രതി ലിങ്കണ്‍ വിശ്വാസിനെ പിടികൂടിയതോടെ കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകളുടെ പ്രധാന വിവരങ്ങളാണ് പൊലീസിന് കിട്ടിയത്.

പല ഏജന്‍റുമാരില്‍ നിന്നായി ഇയാള്‍ കൈക്കലാക്കിയ തട്ടിപ്പ് പണം നിക്ഷേപിച്ച്‌ ബിറ്റ് കോയിനായി വിദേശത്തേക്ക് കടത്തും. പിന്നെയും കേന്ദ്ര അന്വേഷണ ഏജൻസിയായി വേഷമിട്ട് കംബോഡിയയിലെ മുറിയിലിരുന്ന് കൂടുതല്‍ പേരെ കബളിപ്പിച്ച്‌ പണം തട്ടുന്നത് തുടരും. ലിങ്കണ്‍ ബിശ്വാസിന്‍റെ യുവമോർച്ച പശ്ചാത്തലവും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഇയാള്‍ ഈ പണം ഉപയോഗിച്ചോ എന്നതും പൊലീസ് പരിശോധിക്കുകയാണ്.

Related News