പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി ജനുവരി മൂന്നിന്‌

  • 28/12/2024

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ കോടതയില്‍ എത്തിയിരുന്നു. സിപിഎം നേതാക്കള്‍ ഉള്‍പ്പടെ കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ ശിക്ഷാവിധി ജനുവരി മൂന്നിന്‌

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി എ പിതാംബരന്‍, സജി സി ജോര്‍ജ്, അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, കെഎം സുരേഷ്, ജിജിന്‍, ടി രഞ്ജിത്ത്, കെ മണികണ്ഠന്‍, എ സുരേന്ദ്രന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ് വെളുത്തോളി, എ മുരളി, കെവി കുഞ്ഞിരാമന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 9,11,12,13, 16,17,18,19,23,24 പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ നിയമപമരമായി മുന്നോട്ടുപോകുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Related News