തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് സ്ത്രീക്ക് ദാരുണാന്ത്യം

  • 28/12/2024

തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി എന്ന 60 കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 7 .15 ആയിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്ബോഴാണ് സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലംകോട് നിന്ന് കാടാമ്ബുഴക്ക് വരികയായിരുന്ന മർവ എന്ന പേരുള്ള സ്വകാര്യ ബസില്‍ നിന്നാണ് ഇന്ദിരാ ദേവി തെറിച്ചുവീണത്. സംഭവത്തെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ബസിന്‍റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച്‌ വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. പഴമ്ബാലക്കോട് കൂട്ടുപുഴയിൽ നിന്നാണ് ഇന്ദിരയും മകളും ബസില്‍ കയറിയത്.

പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി. പെട്ടന്ന് ബ്രേക്കിട്ടതോടെയാണ് ഇന്ദിരാദേവി തെറിച്ചു വീണത്. കൈ കൊണ്ട് പ്രസ് ചെയ്തു തുറക്കുന ഡോറായിരുന്നുവെന്നും കൈതട്ടി ഡോറ് തുറന്നതാവാമെന്നുമാണ് ബസ് ജീവനക്കാർ പൊലീസിന് നല്‍കിയ മൊഴി.

Related News