ഗര്‍ഭാശയ മുഴ നീക്കം ചെയ്തതിന് പിന്നാലെ വീട്ടമ്മയുടെ മരണം; ചികിത്സാ പിഴവെന്ന് പരാതി, ആശുപത്രിക്കെതിരെ കേസെടുത്തു

  • 29/12/2024

ചെറായി സ്വദേശിയായ വീട്ടമ്മയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എടവനക്കാട് ശ്രേയസ് ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ഗർഭാശയത്തിലെ മുഴ നീക്കം ചെയ്തതിനു പിന്നാലെ ബിന്ദുവിന്‍റെ ആരോഗ്യസ്ഥിതി മോശമായെന്നും ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഉണ്ടായിട്ടും ആശുപത്രി അധികൃതർ അവഗണിച്ചെന്നുമാണ് പരാതി. എറണാകുളം എടവനക്കാട് ശ്രേയസ് ആശുപത്രിക്കെതിരെയാണ് ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ പരാതി. ഗർഭാശയത്തിലുണ്ടായ

മുഴ മൂലം ഗർഭപാത്രം നീക്കം ചെയ്യാനാണ് ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21ആം തീയതി ശസ്ത്രക്രിയ കഴിഞ്ഞു. എന്നാല്‍ പിറ്റേന്ന് രാത്രി ശക്തമായ വയറുവേദനയും നെഞ്ചു വേദനയും അനുഭവപ്പെട്ടു. മക്കള്‍ ബിന്ദുവിന്‍റെ നില മോശമായണെന്ന് അറിയിച്ചിട്ടും ഡോക്ടർമാരോ നഴ്സുമാരോ നോക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

പിറ്റേന്ന് ഡോക്ടർ വന്ന് ഗ്യാസ് ആണെന്നു പറഞ്ഞു മരുന്നുകള്‍ നല്‍കിയത് ആരോഗ്യസ്ഥിതി മോശമാക്കി. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഉണ്ടായിട്ടും അവഗണിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ വൈകിപ്പിച്ചു എന്നും ആരോപണമുണ്ട്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിനെ മാറ്റിയെങ്കിലും വൈകാതെ മരിച്ചു. എന്നാല്‍ പിഴവ് പറ്റിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിക്കെതിരെ മകള്‍ നല്‍കിയ പരാതിയില്‍ മുനമ്ബം പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Related News