കണ്ണ് തുറന്നു, കൈ കാലുകള്‍ അനക്കി; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

  • 30/12/2024

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മകൻ കയറി കണ്ടപ്പോള്‍ എംഎല്‍എ കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോർട്ടുകളുണ്ട്. 

ഇന്ന് രാവിലെ പത്ത് മണിക്ക് മെഡിക്കല്‍ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തു വന്നാല്‍ മാത്രമേ ആരോഗ്യ നിലയില്‍ എത്രത്തോളം പുരോഗതി വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളു.നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുല്‍ റഹീം, ഓസ്കർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

Related News