വീട്ടുകാര്‍ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് കള്ളൻ, 14 പവനും 88,000 രൂപയും മോഷ്ടിച്ചു

  • 30/12/2024

പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം. 14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നിഗമനം. 

വീടിന്റെ മുൻ വാതില്‍ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകർത്ത് 12 സ്വർണ നാണയങ്ങളും 2 പവൻ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകൻ നാദിർ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിരുന്നു.

ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി നാദിർ തലേ ദിവസം തന്നെ വാതില്‍ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

Related News