'മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്ബുരാക്കന്മാരുടെ കാലമൊന്നുമല്ല'; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍ : ജി സുധാകരന്‍

  • 31/12/2024

വായില്‍ തോന്നിയത് പറയുന്ന ആളല്ല താനെന്നും, മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്ബുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. താന്‍ വിശ്രമിക്കുകയൊന്നുമല്ല. അങ്ങനെ പറയാന്‍ പത്തനംതിട്ടയിലെ ആ സുഹൃത്തിന് ആവശ്യമില്ല. അതാരാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അത് തന്നെ കേരളം മൊത്തം അപമാനിക്കാന്‍ വേണ്ടിയുള്ള ആക്ഷേപമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. 

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വായില്‍ തോന്നിയത് പറയുന്ന ജി സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിമര്‍ശനം ഉന്നയിച്ച ആളെക്കൊണ്ട് പറയിപ്പിച്ചതാകും. ആരോ ഉണ്ട് പിന്നില്‍. ആലപ്പുഴയിലും ചിലര്‍ തന്നെ കല്യാണത്തിലും മറ്റും വിളിക്കരുതെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്? ശ്രദ്ധ പിടിച്ചുപറ്റാനാണ് തന്റെ പ്രസ്താവനയെന്ന വിമര്‍ശനത്തിലും സുധാകരന്‍ പ്രതികരിച്ചു. ശ്രദ്ധ പിടിച്ചുപറ്റാനല്ലേ പൊതു പ്രവർത്തകർ സംസാരിക്കേണ്ടത്. അതല്ലേ മാര്‍ക്‌സ് പറഞ്ഞത് ?.

കമ്യൂണിസ്റ്റുകാര്‍ അവരുടെ സ്വാഭിപ്രായം തുറന്നു പറയും. പാര്‍ട്ടിക്ക് അകത്തു പറയേണ്ടത് അകത്തു മാത്രമേ പറയൂ. സാമൂഹിക വിമര്‍ശനങ്ങള്‍ തുറന്നു പറയണം. പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍, അഴിമതി നടത്തുന്നവര്‍, വര്‍ഗീയവാദികള്‍, വൃത്തികേടുള്ളവര്‍ തുടങ്ങിയവരെ താന്‍ വിമര്‍ശിക്കാറുണ്ട്. അത് ഇഷ്ടപ്പെടാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരാണ്, അതുകൊണ്ട് ഇത് ഞങ്ങളെപ്പറ്റിയാണ് എന്ന് സ്വയം ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ജി സുധാകരന്‍ ചോദിച്ചു.

Related News