റെയില്‍വേ മാലിന്യം കൊണ്ടുപോയ ലോറികള്‍ പിടിച്ചെടുത്തു, നിയമ നടപടിയെന്നും മേയര്‍ ആര്യ രാജേന്ദ്രൻ

  • 01/01/2025

മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല ഉണ്ടായതെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

ഇപ്പോഴും റെയില്‍വേയുടേത് ശരിയായ സമീപനമല്ല. റെയില്‍ നീർ കുപ്പി ഉള്‍പ്പെടെ മാലിന്യത്തില്‍ നിന്ന് ലഭിക്കുന്നു. നോട്ടീസ് നല്‍കിയപ്പോള്‍ ആദ്യം നിഷേധിച്ചു. പിന്നീട് മാലിന്യം മാറ്റി. മാലിന്യം മാറ്റിയാല്‍ മാത്രം പോര പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതി. എന്നാല്‍ റെയില്‍വേ വീണ്ടും മാലിന്യ നിക്ഷേപം നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസവും പ്രവൃത്തി ആവർത്തിച്ചു. 10 ലോഡ് മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നത്. 

സംഭവത്തില്‍ പൊലീസ് സഹായത്തോടെ എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതായി മേയര്‍ പറഞ്ഞു. വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഭാഗമായ സ്ഥാപനത്തില്‍ നിന്ന് തുടർച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ്. ഈ സമീപനം തുടര്‍ന്നാല്‍ നഗരസഭ നിയമനടപടികളുമായി മുന്നോട്ടു പോകും. റെയില്‍വേയുടെ തെറ്റായ നടപടികള്‍ കോടതിയുടെ മുന്നില്‍ കൊണ്ടുവരും. നിയമ സംവിധാനങ്ങളെ കാറ്റില്‍ പറത്തുന്ന ഈ പ്രവണത ശരിയല്ല. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണം. റെയില്‍വേ മാലിന്യം കൊണ്ടുപോയ രണ്ട് ലോറികള്‍ പിടിച്ചെടുത്തതായും മേയര്‍ വ്യക്തമാക്കി.

Related News