'അപ് ലോഡാകാന്‍ സമയമെടുത്തതാകാം'; അപകടസമയത്ത് ഡ്രൈവര്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടു?; തെളിവുമായി നാട്ടുകാര്‍

  • 01/01/2025

ശ്രീകണ്ഠാപുരത്ത് വിദ്യാര്‍ഥിനി മരിച്ച സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്ന് സംശയം. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറഞ്ഞു. 

വാട്‌സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാമുദ്ദീന്‍ പറഞ്ഞു. സ്‌കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്ബോള്‍ ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്. എന്നാല്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന സ്‌കുള്‍ ജീവനക്കാരി പറഞ്ഞു.

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നും ഡ്രൈവര്‍ പറഞ്ഞു. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവില്‍ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസില്‍ നിന്ന് തെറിച്ച്‌ വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പറഞ്ഞു.

Related News