'തന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗം'; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അൻവര്‍

  • 06/01/2025

തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ സർക്കാരിന്‍റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎല്‍എ. കോടതി ഇടപെടല്‍ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയില്‍ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പിവി അൻവർ പറഞ്ഞു.

അതേസമയം, ജാമ്യം ലഭിച്ച്‌ ജയിലിന് പുറത്തിറങ്ങിയ പി വി അൻവർ എംഎല്‍എ ഇന്ന് പുതിയ സമര പരിപാടികള്‍ പ്രഖ്യാപിക്കും. രാവിലെ 9 മണിക്ക് അൻവർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഒതായിയിലെ വീട്ടിലെത്തിയ അൻവറിനെ യുഡിഎഫിലെ അടക്കം ചില നേതാക്കള്‍ നേരിട്ട് കാണാനും ഇടയുണ്ട്.

അതിനിടെ ഇന്നലെ അറസ്റ്റിലായ അൻവറിന്റെ ഉറ്റ അനുയായി ഇ എ സുകുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അൻവറിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് സുകുവിനെതിരെയും എടുത്തിട്ടുള്ളത്. കേസിലെ ആറാം പ്രതിയാണ് സുകു. സമരത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെയും ഉടൻ പിടികൂടാൻ നിലമ്ബൂർ പൊലീസ് ശ്രമിക്കുന്നുണ്ട്.

Related News