കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ റദ്ദാക്കും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായുണ്ടാകുന്ന നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിങ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെഎസ്‌ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി.
അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് ഇതുവരെ കെഎസ്‌ആര്‍ടിസിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?