പൂര്‍ത്തിയാകാത്ത വില്ല, അപ്പാര്‍ട്മെന്റ്; സ്വന്തം വീട്ടിലേക്ക് മാത്രമായി ഇനി വൈദ്യുതി കണക്ഷന് അപേക്ഷിക്കാം

  • 09/01/2025

നിർമാണം പൂർത്തിയാകാത്ത, അനിശ്ചിതമായി നീണ്ടു പോകുന്ന വില്ല, അപ്പാർട്മെന്റ് പ്രൊജക്ടുകളില്‍ ഉള്‍പ്പെടുന്ന വീട്ടുകാർക്ക് സ്വന്തം വീട്ടിലേക്കു മാത്രമായി വൈദ്യുതി കണക്ഷനു അപേക്ഷിക്കാം. ആനുപാതികമായ ചെകവു മാത്രമേ അതിനു വീട്ടുകാരില്‍ നിന്നു സ്വീകരിക്കാൻ പാടുള്ളുവെന്നു വ്യക്തമാക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വൈദ്യുതി വിതരണ കോഡ് (ബുദ്ധിമുട്ട് ഒഴിവാക്കല്‍) ഉത്തരവിറക്കി. ഇത്തരം പദ്ധതികളില്‍ ഇനി വൈദ്യുതി നല്‍കാനുള്ള ഉത്തരവാദിത്വം കെഎസ്‌ഇബിക്കായിരിക്കും. 

കൈമാറ്റത്തിനു മുൻപ് നിർമാണം പാതി വഴിയില്‍ നിർത്തിയ വില്ല, അപ്പാർട്മെന്റ് പദ്ധതികളിലേയോ, റസിഡൻഷ്യല്‍ കോളനികളിലേയോ വീട്ടുടമകള്‍ക്കു വെവ്വേറെ അവരുടെ വീട്ടില്‍ വൈദ്യുതി കണക്ഷനു അപേക്ഷിക്കാനാകും. ഡവലപ്പർ, പ്രമോട്ടർ എന്നിവരുമായി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിലോ (കെറെറ) അപ്‍ലറ്റ് ട്രൈബ്യൂണലിലോ തർക്കം നിലനില്‍ക്കുന്ന വീട്ടുടമകള്‍ക്കും കെറെറ അനുവദിച്ച സമയത്തിനുള്ള പൂർത്തിയാക്കുന്നതില്‍ വീഴ്ച വന്ന പദ്ധതികളിലും ഈ സൗകര്യം പ്രയോജനപ്പെടും. 

ഇത്തരം പദ്ധതികളില്‍ കുടുങ്ങി വൈദ്യുതി കണക്ഷൻ എടുക്കാനാകാത്തവരുടെ പരാതി വ്യാപകമായതോടെയാണ് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്. നിലവില്‍ ഒരു വില്ല, അപ്പാർട്മെന്റ്, റസിഡൻഷ്യല്‍ കോളനി പദ്ധതിയില്‍ ഒറ്റ അപേക്ഷ നല്‍കുകയും വിവിധ ഫീസുകളും ചാർജുകളും ഒന്നിച്ച്‌ അടയ്ക്കുകയും ചെയ്താല്‍ മാത്രമേ വൈദ്യുതി കണക്ഷൻ അനുവദിക്കുകയുള്ളു. മുടങ്ങിപ്പോകുന്ന പദ്ധതികളിലും മൊത്തം വീടുകളുടെ എണ്ണം കണക്കാക്കി ഫീസ് ഇടാക്കുകയാണ് ചെയ്തിരുന്നത്.

Related News