മാന്ത്രിക ശബ്ദം നിലച്ചു; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

  • 09/01/2025

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം.

ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലു മണിയോടെയാണ് സംസ്‌കാരം.

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.

'അനുരാഗഗാനം പോലെ...., രാജീവനയനേ നീയുറങ്ങു...'; മാന്ത്രിക ശബ്ദം നിലച്ചു. ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും.

Related News