മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തി

  • 10/01/2025

ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശി രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇവരെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. 

മാമി തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാമിയുടെ ഡ്രൈവറായിരുന്ന രജിത്ത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യസഹോദരൻ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ ഇവർ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച്‌ ഒരു വിവരവും ഇല്ലെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്.

കോഴിക്കോട് നിന്നും ദമ്ബതികള്‍ ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഓട്ടോയില്‍ പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണെന്നും, അവിടെ നിന്നും അവർ തെക്കോട്ടുള്ള ട്രെയിനില്‍ കയറിയതായും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റർ പൊലീസ് പുറത്തിറക്കി. ഇതാണ് വഴിത്തിരിവായത്.

Related News