തദ്ദേശവാര്‍ഡ് വിഭജനം: ജനുവരി 16 മുതല്‍ പരാതിക്കാരെ നേരില്‍ കേള്‍ക്കും

  • 10/01/2025

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതല്‍ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയില്‍ ആരംഭിക്കും.

941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോർപ്പറേഷനുകള്‍ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങള്‍ നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ 2024 ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു.

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങള്‍ സമർപ്പിച്ച പരാതിക്കാരെ നേരില്‍ കേള്‍ക്കും. ഹീയറിംഗിന് ശേഷം പരാതികള്‍ വിശദമായി പരിശോധിച്ച്‌ കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.

Related News